നിന്നിലേക്കുള്ള വഴികളായിരുന്നു നടന്നുതീർത്തത്.
കടൽ തേടിയ പുഴ പോലെ...
പല വഴികളുമടഞ്ഞിട്ടും
നിലയ്ക്കാത്ത യാത്ര.
ഭ്രമിപ്പിച്ച കാഴ്ചകൾ..
പൊള്ളിച്ച പരിസരങ്ങൾ..
പൊള്ളയായ മനസ്സ്.
വഴിതടഞ്ഞ
പാറക്കെട്ടുകൾക്കും
കല്ലണകൾക്കും
നന്ദി!
നിന്നെയോർത്ത്..
നിന്നിൽ ഞാൻ കണ്ട എന്നെയോർത്ത്!!
വ്യാവഹാരിക വ്യർത്ഥതക്കും
കാല്പനിക വ്യഥകൾക്കുമപ്പുറം,
നീ തരുന്ന തണൽ ഓർത്ത്.
അകലങ്ങളിൽ അടുപ്പവും അടുപ്പത്തിലദ്വൈതവും
നെയ്തവളേ...
നിസത്വനായി
നിന്നിലലിഞ്ഞ പുഴയിന്ന്
സമുദ്ര ഗർഭത്തിലന്തർഭവിച്ച പോൽ..