Monday, March 11, 2024

റോഡോഡെൻഡ്ഡ്രോൺ

 


ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ

വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ്

മലയാട് മേയുന്ന പുൽമേടിലൊന്നി

-ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ...


കാറ്റിനോടെതിരിട്ട് കുറുകിയോരുടലിൽ

കാലം പുതപ്പിച്ച കരിമ്പട പാളിയും,

കഠിനമാം കരിമ്പച്ചയിലകളും 

കൺകെട്ടി വച്ചെൻ ആർദ്രഭാവങ്ങളെ....


വെൺചുരുളുകൾ നിറച്ചുണർത്തിയെന്നെ

 നീലയണിയിച്ച്, ഇളവെയിലേൽപിച്ച്

ദീപ്തമാം ദിനമാകെ സല്ലപിച്ചങ്ങ

-പരാഹ്നങ്ങളിൽ നീ ചെമ്പട്ടുടുപ്പിച്ചു..


വെണ്ണിലാവിനെ മറച്ചെന്നിൽ നിന്നെ

 പകർന്നൊഴുകിയ നിശീഥിനിയിലൊരു

വേളയിൽ നീ ചൊന്നു;

കുളമങ്കയോടുള്ള പ്രണയകാവ്യം...


വൻ കരിമ്പാറയും, ചെറുമരച്ചോലയും, മരതകച്ചേലെഴും പുൽക്കൊടി മേടുമായി;

കൂട്ടം പിരിഞ്ഞെന്നുമൊറ്റയ്ക്കു നിൽക്കുന്ന

ചൊക്രനോടൊപ്പമൊരു മങ്ക മാത്രം!


ചൊക്രനിൽ മേയുന്ന സഹ്യന്റെ മക്കൾക്ക്

തെളിനീരു നൽകുന്ന മങ്ക...

മലയോര നഗരത്തിൽ മരുവുന്ന മക്കൾക്ക് കുടിനീരു നൽകുന്ന മങ്ക!



ഒരുനാളിൽ ചൊക്രൻ്റെ മർമ്മരം കേട്ടു ഞാൻ..

'മങ്കക്കു നൽകുവാൻ പൂക്കൾ വേണം....

ബാണ പുഷ്പങ്ങളെ നാണിച്ചുനിർത്തുന്ന

മാണിക്യ മലരൊന്ന് വിരിയിക്കണം'.



കാത്തു നിന്നു ഞാൻ നീയൊന്നു വന്നിടാൻ,

നിന്നിലൂടെയൊരു പൂ വിടർത്തുവാൻ.

നാം ചൊക്രനും മങ്കയുമാകുവാൻ...

പശ്ചിമഘട്ടത്തെ പൂവണിയിക്കുവാൻ.....



കുളമാങ്ക തന്ന നീരാവിയും പേറി

നീയന്നനെന്നിലലിഞ്ഞമർന്നു....

മണ്ണാഴമറിഞ്ഞോരെൻ നാഡികൾ

 -നിന്നെയെന്നിലേക്കാവാഹിച്ചു!

നിന്റെ പ്രണയമെന്നിലൊരു ചെന്താരകമായി, 

 ചെന്താരക ചെണ്ടായ് വിരിഞ്ഞതങ്ങനെ.......

Sunday, February 25, 2024

തോന്നലുകൾ

 പ്രാക്ക്


പ്രാക്കൊരു വാക്കാണ്....


ദുർബലന്റ,

നിസ്സഹായന്റെ,

പ്രതിക്രിയാ മാർഗരഹിതന്റെ,

പ്രതിഷേധ വാക്ക് !



*****



പ്രണയം


പ്രകൃതിയിലേക്കുള്ള അയനം.



****


ജീവിതം


ചിന്തകൾ പുറകോട്ടും 

പ്രതീക്ഷകൾ മുന്നോട്ടും

വലിക്കുമ്പോഴും,

 വർത്തമാനം ചലനാത്മകമാക്കുന്ന

അത്ഭുത ശകടം.

Monday, May 30, 2022

ഒന്ന്



സ്വാതന്ത്ര്യത്തിനും 

പാരതന്ത്ര്യത്തിനുമപ്പുറം ഒന്നുണ്ട്...


വ്യർത്ഥമായ വാക്കുകൾക്കും നിയതമായ വരകൾക്കും ഇന്നോളം വഴങ്ങാത്ത ഒന്ന്.


രണ്ടു പേരുമല്ലാ-

ത്തൊരാൾക്കും 

അനുഭവവേദ്യമാകാത്ത ഒന്ന്.


അനുഭവിച്ചവർക്ക് 

അവർ തന്നെയായ ഒന്ന്....


ഇരുവരിലെയും 

ഉൺമയെ, 

നന്മയെ, 

തനിമയെ

പകർത്തി നിറയുന്ന ഒന്ന്...


ഒന്നായവർ മാത്രമറിഞ്ഞതൊന്ന്... 


രണ്ടല്ല നാമെന്നും ഒന്ന്!!!

Sunday, January 23, 2022

മതിമല


മലമുകളിൽ കയറിയിട്ടുണ്ടോ?


 ഇല്ലെങ്കിൽ കയറണം .


ഓരോ മലകയറ്റവും 

അതിരില്ലാത്ത കാഴ്ചകൾ തരും... 


മറയില്ലാത്ത,

മതിലുകളില്ലാത്ത കാഴ്ചകൾ!


ഉടലിന്റെ കിതപ്പിനും 

കാലിന്റെ കഴപ്പിനുമപ്പുറത്താണത്.


 മലമുകളിൽ

മതി മറന്നിരിക്കണം...

 മതി അറിഞ്ഞിരിക്കണം... 

മതിയാവോളം!!


 മതി നിറഞ്ഞിറങ്ങണമുള്ളിലേക്ക്......

Monday, July 12, 2021

ഏകാന്തതയ്ക്ക് ചീവീടുകളുടെ ഒച്ചയാണ്

 



രാവരിച്ചിറങ്ങുന്ന കാട്ടി

-ലൊറ്റരുത്തുകളൊന്നിച്ചൊന്നായുയർത്തുന്ന ഒച്ച!


വർഷങ്ങളുടെ,ചിലപ്പോൾ 

പതിറ്റാണ്ടിനും വ്യാഴവട്ടത്തിനുമപ്പുറം സുഷുപ്തി പൂണ്ട്,

ഏതോ പുതുമഴയിലൊറ്റയ്ക്ക് 

മണ്ണിടം വിട്ടുയരുന്നു...

ഒരിടക്കാല പുറന്തോടിലേക്ക്....


നിലവിളിയാണ്.... ഒറ്റയ്ക്കിരുന്നു!!

ഇണയെത്തേടി....

നിറമാർന്ന പുറന്തോടിനുള്ളിൽ വർണാഭമായ ഉടലും മഴവില്ലഴകുള്ള ചിറകും....


 നിലവിളിയാണപ്പോഴും... ഇണയെത്തേടി.


ഇടയ്ക്കെപ്പഴോ ഉയിർ പങ്കിട്ടവൻ നിതാന്ത ഏകാന്തതയിലേക്കുയരുന്നു....


ഏകാന്തതയ്ക്ക് ചീവീടുകളുടെ ശബ്ദമാണ് ...


സംഘ ഗാനത്തിന്റെ ശബ്ദായമാന സ്വരത്തിലെ ഏകാന്തതയെ നിങ്ങളിലെത്ര പേർ തിരിച്ചറിയുന്നു...

Monday, April 5, 2021

തിതിക്ഷ

 സുഖദുഃഖങ്ങൾക്കപ്പുറം തിതിക്ഷ!! 

ശീതോഷ്ണങ്ങളെയും 

ലാഭനഷ്ടങ്ങളെയും 

ജനിമൃതിയെ തന്നെയും  

നിശബ്ദമറിയുന്ന നിശൂന്യത!


 നിറച്ചാർത്തണിഞ്ഞ് പ്രകൃതി ചിരിക്കാറുണ്ട്...

മഴക്കുളിരൊഴുകി കരയാറുണ്ട്..

കിളികളിലൂടെ പാടാറുണ്ട്.. 

കാട്ടരുവികളിൽ കളിക്കാറും

 വേനലിൽ തളരാറുമുണ്ട്...

 

ഞാൻ പ്രകൃതിയെപ്പോലെ! 

ഋതുഭേതങ്ങളെന്നിൽ  കാമ ക്രോധ 

ലോഭ മോഹ മദമാൽസര്യങ്ങളുണർത്തും.

എന്റെ പ്രകൃതിയിലെ

 ഋതുവാണെന്നിലുണരുക... 

നിർവേദ-തിതിക്ഷയ്ക്കുമപ്പുറം 

പാരസ്പര്യത്തിന്റ സാഫല്യം .

Monday, March 1, 2021

മണചിമിഴ്

 ഗന്ധങ്ങൾ സൂക്ഷിക്കാനായെങ്കിൽ!

ദൃശ്യം ചിത്രമാകുമ്പോലെ...

ചലച്ചിത്രമാക്കിയ ചലനങ്ങൾ പോലെ..


പഴുത്ത പീച്ചിസ് പഴങ്ങളാണ് 

ചിന്തയെ ചൊടിപ്പിച്ചത് !


മുറിയിലാകെ നിറഞ്ഞ മൂന്നാറിന്റെ മണം കരുതിവയ്ക്കാൻ കൊതിച്ചു. 


ചിമിഴിൽ അടച്ച് 

വാസന ദ്രവ്യമായല്ല! 


അതിന് തനിമ ഇല്ലല്ലോ.


പൂവും പഴവും ചിരിച്ച് പരത്തുന്ന സുഗന്ധമെവിടെ... 

വെന്തുരുകി വാറ്റിയ 

തൈലങ്ങളെവിടെ...


 എനിക്കു കാത്തു വെക്കേണ്ടത് ഗന്ധങ്ങളുടെ നൈസർഗികതയെ...

സ്വാഭാവികതയെ...

നിമിഷാർദ്ധത്തിന്റെ 

അനുഭവവേദ്യതയെ!!


അതെ.

ഛായാചിത്രം ദൃശ്യത്തിന് 

അനശ്വരത പകർന്ന പോലെ..

ഗന്ധങ്ങൾ അരൂപവും

അനുപമേയവും..

പരിമിത നിർവചനീയവും..

മനചിമിഴല്ലാതൊരിടമുണ്ടോ മണം വെക്കാൻ?

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...