പ്രതിഫലനമാണീ നിലാവ് !
പകലിന്റെ പ്രതിഫലനമാണീ നിലാവ്!!
പൊയ്മുഖം കെട്ടുന്ന കാലം തുടിക്കുന്ന
പകലിന്റെ നിഴലാട്ടമീ നിലാവ്...
വെട്ടി പിടിച്ചവർ
ഓടി തളർന്നവർ
വിശ്രാന്തി തേടുന്ന നറുനിലാവ്...
പക തീർത്ത പകലിന്റെ പല നാടകത്തിനും
നേർസാക്ഷിയാവുന്നു ഈ നിലാവ്!!
കാലചക്രത്തിന്റെ പരിണാമ സന്ധ്യകളിൽ..
അതിജീവനത്തിന്റെ വൃദ്ധിക്ഷയങ്ങളിൽ..
മാഞ്ഞും മറഞ്ഞും, ഒളിഞ്ഞും തെളിഞ്ഞും,
പറയുന്നു പലതുമിന്നീ നിലാവ്.
മഴ പെയ്തു പ്രളയം പെരുത്തപ്പോഴും,
മതി കെട്ടു
കതിരോൻ കരിച്ചപ്പോഴും,
പടയോടി പലതും തുലച്ചപ്പോഴും,
പലതുമീ മണ്ണിൽ മറഞ്ഞുപോയി.
പാണന്റെ പാട്ടുകളിൽ,
പുള്ളോർ കുടങ്ങളിൽ,
പനയോല വരികളിൽ,
പള്ളിക്കൂടങ്ങളിൽ,
പാടി പഠിപ്പിച്ച പാഠങ്ങളൊക്കെയും ,
പറയാതെ പോയ
പദങ്ങളെത്ര....
ഒരു വീണ്ടെടുപ്പിനല്ലെങ്കിലും ഓർക്കണം...
ഓർമ്മകൾ നാളെയുടെ പകലിൽ കൊരുക്കണം!
ഇനിവരും ചന്ദ്രിക പ്രതിഫലിക്കണം...
നേരുള്ള പകലിന്റെ
നറുനിലാവ് !!!
No comments:
Post a Comment