മനുജരാശിക്ക് മതം ഒന്നും മതിയെന്ന
മന്ത്രമോതിയീ മലയാള മണ്ണിതിൻ
മതിഭ്രമങ്ങളെ ശിലയിലാവാഹിച്ച്,
മിഴിനീർകണങ്ങളാൽ ശിവനാക്കി മാറ്റിയോൻ!
നേതി-നേതിയെന്നോതി നേരിനെ
നോക്കിയെങ്ങോ അലഞ്ഞുനടന്നവൻ.
നാമരൂപങ്ങളല്ല നാമെന്നോതി,
നാന്മറ പൊരുൾ നന്നായറിഞ്ഞവൻ.
ഉപവനങ്ങളിൽ ഉള്ളം തിരഞ്ഞവൻ.
ഉൺമയൊന്നെന്നുറക്കെ പറഞ്ഞവൻ.
ഉറവിടം വിട്ടുണർന്നൊരാ
പാമ്പിനാൽ,
ഉദയസൂര്യരൊരു കോടിയെ കണ്ടവൻ.
അലിവമനുകമ്പയും സദാചാരവും,
ആദ്യപാഠങ്ങളായി പഠിപ്പിച്ചവൻ.
ആരു നീയെന്ന ചോദ്യത്തിനുത്തരം,
അറിവ് തന്നെന്നുറപ്പിച്ചുരച്ചവൻ.
ജനപദങ്ങളിൽ ജീവൻ പുലർത്തുവാൻ,
ജാതിയാം കാടു വെട്ടിത്തെളിച്ചവൻ.
ജനിമൃതി കടൽ നീന്തിക്കടന്നവൻ!
ജ്യോതി രൂപനായിന്നും ജ്വലിപ്പവൻ!!